കാലമേയെന്‍റെ
ബാല്യമേകിടാമോ
തിരികെ,യെന്നാൽ
പകരമെന്തും
നല്കിടാമെന്നോതി-
യെത്രയോ തീവ്രമായാ-
കലിതാഭ കാല
വിഹായസ്സിലൊരു
മാത്രയെങ്കിലും
വിഹരിക്കാൻ വെമ്പുന്ന
ഹൃദയങ്ങളെയൊത്തിരി
ഞാനറിയുന്നു....
കാലത്തിൻ
കൈവിരൽത്തള്ളാലന്യ-
മായോരാനന്ദ മോഹന
സ്വപ്നമോരോ ബാല്യവും-
അറിയാമതെന്നാലുമൊരു
വേള തിരിഞ്ഞോടിയൊന്നു
പുല്കാൻ മോഹിപ്പിക്കുന്നതതിൻ
നിഷ്കളങ്കോല്ലാസ ഭാവമോ?
മായാത്ത മഴവില്ലഴകിൻ
മധുമാസ കാഴ്ചകളോ ?
ഉൾപ്പൂവിലൊരു കോണിലായോർമ്മ
ചെപ്പിലുറങ്ങുന്നയെൻ ബാല്യത്തിൻ
മഞ്ചാടി മണികളിൽ നിന്നൊരു
പിടിയിവിടെ വിതറുന്നു .....
നിലത്തു വീണുടഞ്ഞു പോയ
കുപ്പി വളകൾ പോലെ
ചിതറിത്തെറിച്ചൊരു ബാല്യം
ആ വളപ്പൊട്ടുകൾ
ഇടയ്ക്കിടയ്ക്കെടുത്തു
ഞാനെന്‍റെ മാറോടണയ്ക്കാറുണ്ട് ...
അവയുടെ കൂർത്ത
മുനച്ചീളുകൾ തീർത്ത
മുറിപ്പാടുകളിൽ നിന്നു
ചോര പൊടിയുന്നതു
ഞാനറിയുന്നു....
അതൊരു സുഖമാണ്...
സുഖമുള്ള നോവാണ്....
മുകുള മുകുരത്തിലെല്ലാത്തിലുമെന്ന പോൽ
നിഷ്കളങ്ക ഭാവമായിരുന്നീ വട്ട മുഖത്തും
ചിരിക്കാൻ മടിയുള്ള ചുണ്ടുകളും
തുളുമ്പാൻ വെമ്പി നില്ക്കുന്ന
മിഴികളുമായിരുന്നെനിക്കന്ന്….
കളിക്കൂട്ടുകാരില്ലാത്ത കാലം
കളിപ്പാട്ടങ്ങളില്ലാത്ത കുട്ടിയായ്
കാട്ടു ചെടികളോടും കണ്ണാം തുമ്പികളോടും
കിന്നാരം പറഞ്ഞു തീർത്ത പകലുകൾ
തൊടിയിലെ പൂച്ചെടികൾക്കു ടീച്ചറായി
ഇലകൾ തല്ലിക്കൊഴിച്ച കാലം
കട്ടുറുമ്പിനേയും പേനിനെയും
നല്ലവരാക്കുവാൻ കുപ്പിയിലടച്ചു
ശിക്ഷിച്ചോരിളം പൈതൽ.
അന്തിക്ക് കൂടണഞ്ഞ
കാക്കക്കൂട്ടങ്ങളുടെ
കലപിലകൾക്കിടയിലിരുന്നു
തുറന്നു വച്ച പാഠ-
പുസ്തകത്തിൽ നിന്നൊരു
വാക്കും ഗ്രഹിക്കാനാവാതെ
തപിച്ച കുഞ്ഞു മനസ്സു്......
ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾക്കു്
ഇരുൾ പരക്കുന്നതു കാണവേ
സംഹാര താണ്ഡവമാടാനായൊരു
രുദ്ര മഴയു,മതിനു കൂട്ടായതി-
മാരുതനുമൊട്ടു വിദ്യുത്മാലയും
പ്രതീക്ഷിച്ചെത്രയോ വട്ടം
ദുന്ദുഭി നാദത്തിൽ മനം
വിറച്ചു വിറങ്ങലിച്ചു
നിന്നിരുന്നൂ....
എത്രയെത്രയോ കുഞ്ഞു സ്വപ്‌നങ്ങൾ
കണ്ണീരിലൊലിച്ചു പോയിരിക്കുന്നു...
ആരാരും കാണാതെ
ഒച്ച വയ്ക്കാതെ
കരയാൻ പഠിപ്പിച്ച ബാല്യം.
നിണമണിഞ്ഞ നീറ്റലുകളൊന്നിനെയും
നോവിക്കാതിരിക്കാനോർമ്മിപ്പിച്ചു...
ത്രിസന്ധ്യയ്ക്കു് ചന്തത്തിൽ
പൂമാല കോർത്തതു
കണ്ണന്‍റെ തിരുമാറിലണിയിച്ചു
നിലവിളക്കിൻ നറു ചിരി
നാളത്തിലാ തിരുമുഖം കണ്ടു
കണ്ടങ്ങനെ നാമം ജപിക്കവേ
പ്രാണനിലെരിയുന്ന
തീച്ചൂടാലെന്തിനിത്രയേറെ
നൊമ്പരങ്ങളെനിയ്ക്കായ്
കരുതി വച്ചൂവെന്നെത്രയോ
തവണ ചോദിച്ചിരുന്നു....
സ്നേഹത്തിൻ വെണ്ണക്കുടവുമായരുകിൽ
നിന്നെന്നെ നോക്കി ചിരിച്ചതല്ലാതെ
കള്ളക്കണ്ണനൊന്നിനുമുത്തരമേകീല്ല...
എങ്കിലുമോരോ രാവിലും
ഇരുട്ടിലെന്‍റെ
കണ്ണീരൊപ്പിയെടുത്ത
തലയിണയ്ക്ക് നന്ദി....
പാട്ടു മൂളിയുറക്കിയ
കൊതുകുകൾക്കും നന്ദി....
എനിക്കെന്‍റെ ബാല്യം
തിരികെ വേണ്ട .....
*****മഞ്ജുഷ ഹരീഷ്*****