Pages

Saturday, December 26, 2015

Malayalam Kavitha "Christmas"



ക്രിസ്ത്മസ്

തങ്ക തുഷാര മഞ്ജര
മണികളാലൊളി ചിതറും
ഹരിത കംബളത്താലംഗങ്ങളാകെ
പുതച്ചുറങ്ങുന്ന മല നിരകളെ

മാനത്തൂന്നൊരു കുഞ്ഞു സൂര്യനിന്നു
മണ്ണില്‍ വന്നുദിച്ചതറിഞ്ഞില്ലേ
മണ്ണില്‍ വന്നുദിച്ചതറിഞ്ഞില്ലേ

തളിരില കൈകളില്‍
തല ചായ്ച്ചുറങ്ങും
മാധവീലത മൊട്ടുകളെ

മാനത്തൂന്നൊരു
മലര്‍ത്താരമിന്നു
മണ്ണില്‍ വന്നു വിരിഞ്ഞതറിഞ്ഞില്ലേ
മണ്ണില്‍ വന്നു വിരിഞ്ഞതറിഞ്ഞില്ലേ

മത വാള് കൊണ്ടു
മന വാടികളരിഞ്ഞു
വീഴ്ത്തുന്ന മര്‍ത്ത്യാ

സ്നേഹ മണിദീപമൂതിക്കെടുത്തി
വിദ്വേഷ വിത്തുകള്‍
വാരി വിതറുന്ന മനുജാ
ഇടുങ്ങിയ മന മതിലുകളാ-
ലതിരു തീര്‍ത്തകന്ന
മനസ്സുമായ,വനവ,നോരോ
മാളിക പണിത,തിന്‍
അകത്തളങ്ങളില്‍,
ആസക്തി തന്‍
അന്ധകാരത്തില്‍
അസ്വസ്ഥനായുലാത്തുന്ന മനുഷ്യാ

കാലി  തൊഴുത്തിലായിതാ
പുല്ലിളം കച്ചയില്‍
ഈ മണ്ണിന്‍ പുണ്യമായോരുണ്ണി
വന്നു പിറന്നതറിഞ്ഞില്ലേ
ഈ മണ്ണിന്‍ പുണ്യമായോരുണ്ണി
വന്നു പിറന്നതറിഞ്ഞില്ലേ

   **** മഞ്ജുഷ ഹരീഷ് ****