Pages

Monday, November 12, 2018

മഴപ്പെയ്ത്ത്

മഴ പെയ്തിരുന്നു..... 
സ്വപ്നത്തിൽ ഇന്നലെയും
മഴ പെയ്തിരുന്നു.....
ഇടമുറിയാതെ,
ഇടി മിന്നലുകളില്ലാതെ,
ഇരവിലിന്നലെയും
മഴ പെയ്തിരുന്നു .....
ഇരുൾ പുതച്ചു കിടന്ന 
ഓർമകൾക്ക് മേൽ, 
പൊടി പിടിച്ചു കിടന്ന 
ചിന്തകൾക്ക് മേൽ,
ചിതലരിച്ചു തുടങ്ങിയ 
മോഹങ്ങൾക്ക് മേൽ 
മഴ തോരാതെ പെയ്തിരുന്നു.
 
ഓർമകളുടെ ഇരുളറകളിലെവിടെയോ
മോഹങ്ങളുടെ തടവറകളിലെവിടെയോ
പ്രതീക്ഷകളുടെ ഇടവഴികളിലെവിടെയോ
ആകാശം പോലുമറിയാതെ ഇന്നലെയും 
മഴ മുല്ല മലരുകൾ  പൊഴിഞ്ഞിരുന്നു....
നിറമേതുമില്ലാത്ത മഴ നീരിലേഴു-
നിറമുള്ള മഴവില്ല് ഞാൻ കണ്ടിരുന്നു. 
ഒരു മഴപ്പക്ഷിയായി ഞാൻ മഴ നനഞ്ഞിരുന്നു..