Pages

Thursday, August 27, 2015

ഓണക്കവിത

എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.  ഈ ലക്കത്തെ മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന എന്റെ "ഓണക്കവിത"

onakkavitha1

മലയാളി മനസുകളിൽ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തിക്കൊണ്ട് -  സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും , ഐശ്വര്യത്തിന്റെയും , സമ്പൽസമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഓർമിപ്പിച്ചു കൊണ്ട് ഒരു പൊന്നോണം കൂടി വന്നെത്തിയിരിക്കുന്നു. പരസ്പരം സ്നേഹിക്കാനോ, സംസാരിക്കാനോ, ഒത്തു കൂടുവാണോ ഒന്നും ആർക്കും സമയമില്ലാതോടുന്ന ഇക്കാലത്ത്,  സമത്വസുന്ദരമായ ഭൂതകാലത്തെ കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്‍െറ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.

onakkavitha - mangalam -image file (1)

ഓണം നമ്മുടെ സംസ്ഥാനോൽസവമാണ്. ഉള്ളവരും ഇല്ലാത്തവരും വളരെ സന്തോഷപൂർവ്വം കൊണ്ടാടുന്ന ഉത്സവം തന്നെയാണ് പൊന്നോണം. പണ്ടത്തെ ഓണക്കാലവും എന്ന് നമ്മൾ ആഘോഷിക്കുന്ന ഓണവും തമ്മിൽ ആകാശവും ഭൂമിയും എന്ന പോലെ വ്യത്യാസം ഉണ്ടാകും.   ഓണത്തിന്റെ ഐതിഹ്യങ്ങളെക്കുറിച്ചോ, മഹാബലിയെക്കുറിച്ചോ, ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു എന്നോ ഒന്നും അറിയില്ലെങ്കിലും,  ഓണം എന്നാൽ സന്തോഷത്തിന്റെ നാളുകൾ -  അത്രയെങ്കിലും അറിവ് ഓണത്തെ കുറിച്ച് പുതു തലമുറയ്ക്ക് ഉണ്ടെന്നു വിശ്വസിക്കുന്നു. ഇന്നിപ്പോ കുട്ടികൾക്ക് ഓണത്തെ കുറിച്ച് പൂർണ്ണമായി അറിയില്ലെങ്കിൽ അതിൻറെ കാരണക്കാർ രക്ഷ  കർത്താക്കൾ തന്നെയാണ്. ഓണം ആഘോഷിക്കുമ്പോള്‍ നമ്മൾ ഓരോരുത്തരും  അഭിമാനിക്കുക-ഇത്രയും നല്ലൊരു  സംസ്കാരത്തിന്റെ ഭാഗമായതില്‍. ആഘോഷങ്ങൾ എന്നാൽ അതിവ്യയമെന്നോ, ആഡംബരമെന്നോ എന്നതല്ല, സ്നേഹത്തോടെ, സൌഹാർദത്തോടെ കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം കളി ചിരികൾ പറഞ്ഞു , ഒരുമിച്ചിരുന്നു ഉണ്ണുവാനും, ഊട്ടുവാനും, മനം നിറഞ്ഞു  ചിരിക്കാനുമുള്ള കുറെ നല്ല നിമിഷങ്ങൾ ആണ്.  പിന്നീടുള്ള ഓരോ ദിവസങ്ങളും - അടുത്ത ഓണക്കാലമെത്തും വരെയും -ഈ നല്ല ഓർമ്മകളാൽ വർണ്ണാഭമായി മാറും ...ഇത്തരത്തിലുള്ള ഒത്തിരിയൊത്തിരി പൊന്നോണങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി  ആഗ്രഹിക്കുന്നു. 

തിരുവോണം കൂടാൻ

തിരുവോണം കൂടാനോടി

തിരികീയി മുറ്റത്തെത്തുന്നേ

പല നാടുകൾ മേടുകൾ താണ്ടി

മമ നാട്ടിൽ ആരവമോടെത്തുന്നേ

നിനവുകളിൽ നിറവൊളി ചിതറിയ

പൊന്നോണ കാവടിയാടാൻ,

നാടാകെ നന്മകൾ വിതറും

നിറപറയുടെ നിറ തിരി കാണാൻ,

പാരാകെ പഴമകൾ പാടും

പാണൻ പാട്ടിന്നീണം മൂളാൻ,

പഴയോരോണക്കാലമേകിയ

പ്രണയമേ നിന്നിലലിയാൻ,

മറുനാട്ടിൽ നിന്നാരവമോടെ

തിരികേയി മുറ്റത്തെത്തുന്നേ

അന്നൊരുത്രാട പുലരിയിലൊരു പൂവഴകായ്

മെല്ലെയുതിരും വള കിലുക്കമായ്

വെള്ളി കൊലുസ്സിൻ മണി കിലുക്കമായ്

എന്നുൾത്താലമണഞ്ഞവളേ

എൻ ഹൃത്താലം നിറയെ,

നിറയെ നിന്നോർമ്മ പൂക്കളമാണല്ലോ

വാടാ മലരുകളായവയിന്നും

തീരാമണമണിയുവയല്ലോ

ഇത്തിരുവോണത്തിനു മണി -

മുറ്റത്തായൊരു മുല്ലപ്പൂ പന്തൊലൊരുക്കേണം

പട്ടുടുത്തെത്തുന്ന പൗർണ്ണമീ നിന്നെ

പൂത്താലി ചാർത്തി ഞാൻ ചേർത്തണയ്ക്കാം

പൊന്നോണ നാളിൻ നന്മയാൽ

ഒരു നാളും അണയാതിരിക്കട്ടെ

നമ്മളിലീ പ്രണയ നിലാവിൻ നിലവിളക്ക്

ഒരു നാളും അണയാതിരിക്കട്ടെയീ

പൊന്നോണ നിലാവിൻ നിലവിളക്ക്

               

                   *** മഞ്ജുഷ ഹരീഷ് ***