Pages

Monday, December 28, 2015

Paper Christmas Tree Tutorial

One of my Paper craft Tutorial, published in a Malayalam-language weekly, Mangalam on 28th December 2015.


മംഗളം വാരികയില്‍‍ (ലക്കം 50, 2015 ഡിസംബര്‍‍ 28) പ്രസിദ്ധീകരിച്ചു വന്ന എന്റെ പേപ്പര്‍ ക്രാഫ്റ്റ് 


ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍ 

  • 12 ഇഞ്ച്‌ നീളത്തിലുള്ള ഉരുളന്‍ ക്രാഫ്റ്റ് സ്ടിക്ക്സ് അല്ലെങ്കില്‍ കനം കുറഞ്ഞ മരച്ചില – 2 
  • പഴയ സി.ഡി – 1 
  • പാറ്റെണ്‍ പേപ്പര്‍ അല്ലെങ്കില്‍ പ്ലൈന്‍ പച്ച പേപ്പര്‍ - (4½ * 4½ ഇഞ്ച്‌) തണ്ടുണ്ടാക്കാന്‍
  • കത്രിക
  • A4 സൈസ് വെള്ള അല്ലെങ്കില്‍ വെള്ളി നിറത്തിലുള്ള പേപ്പര്‍ - ബൈസ് ഉണ്ടാക്കുന്നതിന് 
  • കട്ടിയുള്ള മഞ്ഞ/ ഗോള്‍ഡന്‍ നിറത്തിലുള്ള പേപ്പറില്‍ വെട്ടിയെടുത്ത നക്ഷത്രം - 1 
  • കനം കുറഞ്ഞ വയര്‍ അല്ലെങ്കില്‍ കട്ടിയുള്ള നൂല്‍
  • പേപ്പര്‍ പശ 
  • ഫെവിക്കോള്‍
  • ദീര്‍ഘ ചതുരാകൃതിയില്‍ പല നിറത്തില്‍ അഥവാ പച്ചയുടെ വിവിധ സൈഡില്‍ ഉള്ള പേപ്പറുകള്‍ -14 

ഇവയില്‍ ഓരോ ജോഡി പേപ്പറുകള്‍ക്കും വേണ്ടുന്ന അളവുകള്‍ താഴെ പറയുന്നു

  • 8¼ * 11 ഇഞ്ച്‌ - 1 ജോഡി 
  • 7 * 11 ഇഞ്ച്‌ - 1 ജോഡി
  • 6¼ * 11 ഇഞ്ച്‌ - 1 ജോഡി
  • 5¼ * 10 ഇഞ്ച്‌ - 1 ജോഡി
  • 4¾ * 10 ഇഞ്ച്‌ - 1 ജോഡി
  • 3½ * 9 ഇഞ്ച്‌ - 1 ജോഡി
  • 2½ * 8 ഇഞ്ച്‌ - 1 ജോഡി


ട്രീ ഉണ്ടാക്കുന്ന വിധം

ആദ്യമായി A 4 സൈസ് പേപ്പറിനെ 2 സെന്റി മീറ്റര്‍ (3/4 ഇഞ്ച്‌) വീതിയുള്ള പേപ്പര്‍ സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. അവയെ ഒന്നിന്‍റെ അറ്റം മറ്റൊന്നുമായി പശ ഉപയോഗിച്ച് യോജിപ്പിച്ച് വലിയൊരു പേപ്പര്‍ സ്ട്രിപ്പ് ആക്കുക. എന്നിട്ട് ഇതിനെ ടൈറ്റ് കോയില്‍ ആയി ചുറ്റി എടുക്കുക. ഇത്തരത്തില്‍ പേപ്പര്‍ സ്ട്രിപ്പുകള്‍ യോജിപ്പിച്ച് ചുറ്റിയെടുക്കുന്ന പേപ്പര്‍ വട്ടം ഏകദേശം 3.5 സെന്റിമീറ്റര്‍ ആയിരിക്കും. 
ടൈറ്റ് കോയില്‍ ഉണ്ടാക്കുന്ന വിധം
പേപ്പർ സ്ട്രിപ്പ്സ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു അറ്റം ഗ്ലൂ ചെയ്യുക
പേപ്പര്‍ വട്ടത്തിന്റെ വലിപ്പം കൂടുതല്‍ പേപ്പര്‍ സ്ട്രിപ്പുകള്‍ ഉപയോഗിച്ച് കൂട്ടിയാല്‍ അത്രയും നല്ലത്. മുകളില്‍ പറഞ്ഞിരിക്കുന്ന അളവുകളില്‍ വെട്ടിയെടുത്ത ദീര്‍ഘ ചതുരാകൃതിയിലുള്ള പേപ്പറുകളില്‍ നിന്ന് ഏറ്റവും വലുത് എടുക്കുക. ചെറിയ വശം നിങ്ങള്‍ക്ക് അഭിമുഖമായി വച്ച്, 1 സെന്റിമീറ്റര്‍ പ്ലീറ്റുകളായി മടക്കുക. എന്നിട്ട് അവയുടെ 2 വശത്തെയും 2 അറ്റത്തു നിന്നും അല്പം ചരിച്ചു മുറിച്ചു കളയുക. ഇനി ചിത്രം 5-ല്‍ കാണുന്നതു പോലെ അവയെ രണ്ടായി മടക്കുക.



ഇതേ അളവിലുള്ള അടുത്ത പേപ്പറില്‍ നിന്നും ഇത്തരത്തില്‍ പ്ലീറ്റുകള്‍ ഉണ്ടാക്കി, അറ്റങ്ങള്‍ ഷേപ്പ് ചെയ്തു രണ്ടായി മടക്കിയെടുക്കുക. ചിത്രം 6. 



ഈ രണ്ടു പ്ലീറ്റട് പേപ്പര്‍ സ്ട്രിപ്പുകളുടെയും അറ്റങ്ങള്‍ തമ്മില്‍ പശ ഉപയോഗിച്ച് യോജിപ്പിക്കുക.



ഇത്തരത്തില്‍ തന്നിരിക്കുന്ന അളവില്‍ മുറിച്ചെടുത്ത ദീര്‍ഘ ചതുരാകൃതിയിലുള്ള പേപ്പര്‍ ജോടികളില്‍ നിന്ന് പ്ലീറ്റട് വട്ടങ്ങള്‍ (റോസറ്റ) ഉണ്ടാക്കിയെടുക്കുക. മുറിച്ചെടുത്ത വയര്‍ അല്ലെങ്കില്‍ കട്ടിയുള്ള നൂല്‍ കോര്‍ത്ത്‌ കെട്ടി റോസറ്റയെ കൂടുതല്‍ ബലപ്പിക്കാം. 
പാറ്റെണ്‍ പേപ്പര്‍ അല്ലെങ്കില്‍ പ്ലൈന്‍ പച്ച പേപ്പറിന്‍റെ അകത്തെ ഒരു വശത്ത് പശ തേച്ചു, മറ്റേ വശത്ത് നിന്നും മടക്കി ഏകദേശം 1.5 സെന്റിമീറ്ററിലുള്ള ട്യൂബ് ആക്കുക. എന്നിട്ട് അതിനെ താഴെ പറയുന്ന അളവുകളില്‍ മുറിക്കുക.
  • 2.5 സെന്റിമീറ്റര്‍ - 1
  • 2 സെന്റിമീറ്റര്‍ - 3 
  • 1.5 സെന്റിമീറ്റര്‍ - 2

പേപ്പര്‍ പ്ലീറ്റട് വട്ടങ്ങള്‍ ക്രാഫ്റ്റ് സ്ടിക്കിലേയ്ക്ക് കോര്‍ക്കുന്ന വിധം
ഏറ്റവും ചെറിയ റോസറ്റ എടുത്തു, അവയിലെ 2 സെമി സര്‍ക്കിള്‍സ് തമ്മില്‍ യോജിപ്പിച്ച സ്ഥലത്ത് 2 വിടവുണ്ടാകും, അത് വഴി ക്രാഫ്റ്റ് സ്റ്റിക്ക്സ് കടത്തുക. ക്രാഫ്റ്റ് സ്ടിക്ക്സിന്‍റെ മുകളറ്റത്തു ½ ഇഞ്ച്‌ സ്പേസ് വിട്ടേയ്ക്കുക. അടുത്തതായി ഏറ്റവും ചെറിയ പേപ്പര്‍ ട്യൂബ് 2 ക്രാഫ്റ്റ് സ്റ്റിക്ക്സിലുമായി കടത്തുക. ഇത്തരത്തില്‍ റോസറ്റയും പേപ്പര്‍ ട്യൂബും ചെറുതില്‍ നിന്ന് വലുതിലേയ്ക്ക് എന്ന രീതിയില്‍ ക്രാഫ്റ്റ് സ്ടിക്കിലേയ്ക്ക് കോര്‍ക്കുക.


അവസാനത്തെ, ഏറ്റവും വലിയ റോസറ്റയും കോര്‍ത്ത ശേഷം ഏറ്റവും വലിയ പേപ്പര്‍ ട്യൂബ് കോര്‍ക്കുക. എന്നിട്ട് പേപ്പര്‍ ബൈസ് വട്ടത്തില്‍ ഫെവിക്കോള്‍ പുരട്ടി ക്രാഫ്റ്റ് സ്ടിക്കിനെ അതിന്‍റെ നടുവിലേക്ക് അമര്‍ത്തി വയ്ക്കുക.

പശ ഉണങ്ങാന്‍ അല്‍പ സമയം കാക്കുക. ഇനി പേപ്പര്‍ ബൈസ് വട്ടത്തിന്റെ അടി വശത്ത് നിറയെ ഫെവിക്കോള്‍ പുരട്ടി അതിനെ സി.ഡിയുടെ നടുക്ക് വയ്ക്കുക. ഏറ്റവും മുകളില്‍ ½ ഇഞ്ച്‌ സ്പേസ് വിട്ടിരുന്നിടത്ത് ചെറിയ സ്റ്റാര്‍ ഒട്ടിച്ചു വയ്ക്കുക. പേപ്പര്‍ ക്രിസ്മസ് ട്രീ റെഡി.

Saturday, December 26, 2015

Malayalam Kavitha "Christmas"



ക്രിസ്ത്മസ്

തങ്ക തുഷാര മഞ്ജര
മണികളാലൊളി ചിതറും
ഹരിത കംബളത്താലംഗങ്ങളാകെ
പുതച്ചുറങ്ങുന്ന മല നിരകളെ

മാനത്തൂന്നൊരു കുഞ്ഞു സൂര്യനിന്നു
മണ്ണില്‍ വന്നുദിച്ചതറിഞ്ഞില്ലേ
മണ്ണില്‍ വന്നുദിച്ചതറിഞ്ഞില്ലേ

തളിരില കൈകളില്‍
തല ചായ്ച്ചുറങ്ങും
മാധവീലത മൊട്ടുകളെ

മാനത്തൂന്നൊരു
മലര്‍ത്താരമിന്നു
മണ്ണില്‍ വന്നു വിരിഞ്ഞതറിഞ്ഞില്ലേ
മണ്ണില്‍ വന്നു വിരിഞ്ഞതറിഞ്ഞില്ലേ

മത വാള് കൊണ്ടു
മന വാടികളരിഞ്ഞു
വീഴ്ത്തുന്ന മര്‍ത്ത്യാ

സ്നേഹ മണിദീപമൂതിക്കെടുത്തി
വിദ്വേഷ വിത്തുകള്‍
വാരി വിതറുന്ന മനുജാ
ഇടുങ്ങിയ മന മതിലുകളാ-
ലതിരു തീര്‍ത്തകന്ന
മനസ്സുമായ,വനവ,നോരോ
മാളിക പണിത,തിന്‍
അകത്തളങ്ങളില്‍,
ആസക്തി തന്‍
അന്ധകാരത്തില്‍
അസ്വസ്ഥനായുലാത്തുന്ന മനുഷ്യാ

കാലി  തൊഴുത്തിലായിതാ
പുല്ലിളം കച്ചയില്‍
ഈ മണ്ണിന്‍ പുണ്യമായോരുണ്ണി
വന്നു പിറന്നതറിഞ്ഞില്ലേ
ഈ മണ്ണിന്‍ പുണ്യമായോരുണ്ണി
വന്നു പിറന്നതറിഞ്ഞില്ലേ

   **** മഞ്ജുഷ ഹരീഷ് ****

Saturday, December 19, 2015

Paper Pinwheel Rosettes Tutorial

One of my Paper craft Tutorial, published in a Malayalam-language weekly, Mangalam on 14th December 2015.


മംഗളം വാരികയില്‍‍ (ലക്കം 50, 2015 ഡിസംബര്‍‍ 14) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് 


                                        
ആവശ്യമുള്ള സാധനങ്ങള്‍
  • പേപ്പര്‍
  • കത്രിക
  • സെലോടേപ്പ്
  • ഫെവികോള്‍


റോസെറ്റ്സ് ഉണ്ടാക്കുന്ന വിധം

പേപ്പറിനെ 30 ഇഞ്ച്‌ നീളത്തിലും 5 ഇഞ്ച്‌ വീതിയിലും വെട്ടിയെടുക്കുക. ചിത്രം B. അതിനെ ½ ഇഞ്ച്‌ പ്ലീറ്റുകളായി മടക്കുക. ചിത്രം C


ഇനി പേപ്പറിന്റെ ഒരറ്റത്തു നിന്ന് ചെറിയൊരു ഭാഗം 45 ഡിഗ്രി ചരിച്ചു വെട്ടുക. (പേപ്പറിന്റെ രണ്ടറ്റത്തു നിന്നും 45 ഡിഗ്രി ചരിച്ചു വെട്ടിയതാണ് ചിത്രം E) 


അടുത്തതായി പേപ്പറിന്റെ രണ്ടറ്റങ്ങളെയും പശ ഉപയോഗിച്ച് തമ്മില്‍ യോജിപ്പിക്കുക.  ഇനി ഈ പേപ്പര്‍ സ്ട്രിപ്പിന്റെ മുകളിലത്തെ ഭാഗത്തെ രണ്ടു കയ്യും കൊണ്ട് മെല്ലെ താഴേയ്ക്ക് അമര്‍ത്തുക. ചിത്രം H, I & J. 




പേപ്പര്‍ സ്ട്രിപ്പിന്റെ ഉള്ളിലെ വശങ്ങളില്‍‍ പശ തേച്ചു അവയെ പരസ്പരം ഒട്ടിച്ചു വയ്ക്കുക. 4 ഇഞ്ച്‌ വലിപ്പത്തില്‍ 1 പേപ്പര്‍ വട്ടം വെട്ടിയെടുത്തു അതില്‍  മുഴുവന്‍‍ പശ തേച്ചു പേപ്പര്‍ പിന്‍വീല്‍‍ റോസെറ്റ്ന്‍റെ പിന്നില്‍‍ നടുക്കായി ഒട്ടിച്ച് വയ്ക്കുക. പശ ഉണങ്ങാന്‍ അല്‍പ സമയം കാക്കുക. ഇനി പേപ്പര്‍ പിന്‍വീല്‍ റോസെറ്റ്ന്‍റെ മുന്‍ ഭാഗത്ത്‌ നടുവിലായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പ്ലാസ്റ്റിക്‌ ബീഡ് അല്ലെങ്കില്‍ പേപ്പര്‍ പൂക്കള്‍, പേപ്പര്‍ വട്ടം, ബട്ടന്‍സ് അങ്ങനെ എന്തെങ്കിലും ഒട്ടിച്ചു വച്ച് ഭംഗിയാക്കാം. ചിത്രം K.


ഇത്തരത്തില്‍‍ കുറെ പേപ്പര്‍‍ പിന്‍വീല്‍‍ റോസെറ്റ്സ് ഉണ്ടാക്കി നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഷെയ്പ്പില്‍‍ ചുവരില്‍‍ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കാം (ചിത്രം A), സീലിംഗ് ഹൂക്കില്‍‍ തൂക്കിയിടാം ചിത്രം L. ഇവയെ ഗ്രീറ്റിംഗ് കാര്‍ഡില്‍‍ ഒട്ടിച്ചു വയ്ക്കുകയോ, ഗിഫ്റ്റ് റാപ്പ് ഡെക്കര്‍‍ ആയി ഉപയോഗിക്കുകയോ ഒക്കെയാവാം.



Friday, December 18, 2015

Malayalam kavitha "Rajakumaran"





രാജകുമാരന്‍ 

ഏകാന്ത രാജ്യത്തെ

രാജകുമാരനാമെനിക്ക്

ഇതു വരെ കേട്ട

ശബ്ദങ്ങളൊക്കെയും

ചേർത്തു  വച്ചൊരു


കൊട്ടാരം പണിയണം

കണ്ട കാഴ്ചകളൊക്കെയും

അതിൻ ചുവരുകളാകണം

കണ്ടെടുത്ത സത്യങ്ങളാലാവണമാ

കൊട്ടാര വാതിലുകൾ


അകലേയ്ക്ക് മിഴി നട്ടിരിക്കുവാൻ

കിനാവിന്റെ ജാലകങ്ങൾ വേണം

കഴിഞ്ഞ കാലത്തിനോർമ്മ-

കളൊക്കെയും കൊത്തു

പണികളായി തെളിഞ്ഞു

കാണണമെനിക്കീ

കൊട്ടാരത്തിൻ ഓരോ

തൂണിലും കോണിലും


സ്വപ്നങ്ങളാലൊരു

ഗോവണി പണിത,തിലൂടെ

നടന്നിനിയും തുറക്കാത്ത

അരമന അറകളോരോന്നായ്‌

തുറന്നു കാണണം


നിറയെ പൂക്കുന്ന

ശോകങ്ങൾ തൻ

ഇരുളകറ്റാൻ ഈ

ഹൃദയത്തിൽ നിന്ന്

തീ പകർന്നൊരായിരം

കെടാ വിളക്കുകൾ

തെളിയ്ക്കണം


കരഞ്ഞു തീർത്ത

കണ്ണുനീരിനാലൊരു

തെളി നീരരുവിയും

കരളിൽ കുളിരുമായണയും

കിനാവിൽ വിരിയുന്ന

പുഞ്ചിരി പൂക്കളാൽ

നിറഞ്ഞൊരുദ്യാനവും

വേണമെൻ കൊട്ടാര മുറ്റത്ത്‌


സ്നേഹത്തലോടലേകിയ

മനങ്ങളെല്ലാം അണി

നിരന്നെവിടെയും

കാണാ മരത്തിൻ

തീരാ തണലു വിരിയ്ക്കട്ടെ


കള്ള സ്നേഹത്തി
 കളകളെല്ലാം
പിഴുതെറിയണമെന്നുദ്യാനത്തിൽ

നിന്നെന്നേയ്ക്കുമായ്...

കള്ള കളകളെല്ലാം

പിഴുതെറിയണമെന്നുദ്യാനത്തിൽ

നിന്നെന്നേയ്ക്കുമായ്


മോഹത്തിൻ മട്ടുപ്പാവിൽ

മന്ദമായുലാത്തിടുന്ന

നേരത്തു കാണാമെനിയ്ക്ക്...

കണ്ടെത്താ ദൂരത്തോളമെത്രയോ

വിസ്തൃതമാമെൻ രാജ്യം-

സുന്ദരമേകാന്ത രാജ്യം

ഞാവിടുത്തെ രാജകുമാരന്‍
ഏകാകിയാം രാജകുമാരന്‍

ഞാനിവിടുത്തെ രാജകുമാരന്‍
ഏകാകിയാം രാജകുമാരന്‍

Friday, December 11, 2015

Oval Red Glass Beads Necklace Making Tutorial

One of my jewelry Making Tutorial, published in a Malayalam-language weekly, Mangalam on 7th December 2015.


Things You Need: (picture A)
  1. Red, oval, transparent oval  glass beads with evaporation up, uneven bronze metal frame – 20
  2. 6 MM gold plated round beads – 21
  3. Thread
  4. Rings – 2
  5. Back Chain

METHOD:

Cut an appropriate length of  thread needed to make your necklace. Attach one of the thread tightly with one  ring. Now thread on a gold plated round bead and then thread a red oval glass bead. Continue the process with 20 red glass beads and 21 gold plated round beads.  Now tie the other end of  your thread with 2nd ring.  Attach jump rings with back chain. DONE!!! (Pictures B, C, & D)


മംഗളം വാരികയില്‍ (ലക്കം 49, 2015 ഡിസംബര്‍‍ 7) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് ഓവല്‍‍  റെഡ് ഗ്ലാസ് ബീട്സ് നെക്ക്ലസ്


ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
  1. ഗോള്‍ഡ്‌ ബോര്‍ഡര്‍  ഓവല്‍ റെഡ് ഗ്ലാസ് ബീട്സ് – 20
  2. 6 MM ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീട്സ്  -  21
  3. നൂൽ
  4. റിങ്ങ്സ് –  2
  5. ബാക്ക്‌ ചെയിന്‍

മാല ഉണ്ടാക്കുന്ന വിധം

റിങ്ങിൽ നൂല് കെട്ടിയ ശേഷം ഒരു  ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് (6 MM) നൂലിലേക്ക് കോർക്കുക. എന്നിട്ട് ഒരു ഗോള്‍ഡ്‌ ബോര്‍ഡര്‍  ഓവല്‍ റെഡ് ഗ്ലാസ് ബീഡ് കോര്‍ക്കുക. ഇത്തരത്തില്‍  ഗോൾഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ഗോള്‍ഡ്‌ ബോര്‍ഡര്‍  ഓവല്‍ റെഡ് ഗ്ലാസ് ബീഡ് എന്ന രീതിയില്‍ നൂലില്‍ കോര്‍ത്ത്‌ പൂര്‍ത്തിയാക്കി നൂല് റിങ്ങിൽ കെട്ടി,റിങ്ങിഗ്സ്നെ ബാക്ക് ചെയിനുമായ് യോജിപ്പിക്കുക. ഓവല്‍ റെഡ് ഗ്ലാസ് ബീട്സ് നെക്ക്ലസ് റെഡി. ചിത്രങ്ങള്‍ B, C, D നോക്കുക.






Monday, December 7, 2015

Malayalam Poem "Poomanam" പൂമണം by Manjusha Hareesh



“പൂമണം” എന്ന എന്റെ ഈ കുഞ്ഞു കവിത പാടിയത് പ്രിയ സുഹൃത്ത് റഷീദ് പള്ളിക്കല്‍

പൂമണം

കാട്ടിലെ ചെമ്പകം
കാത്തു വച്ചൊരാ പൂമണം
കട്ടെടുത്തിളം കാറ്റ്  
കാമുകിയ്ക്കേകുവാനായ്
കട്ടെടുത്തിളം കാറ്റ് 
കണ്ണാടിപ്പുഴ കടവത്തൂടാരാരും
കാണാതോടും നേരം
കിളിമരചില്ല തട്ടി
കൈവിട്ടു പോയൊരാ പൂമണം
കാടാകെയൊഴുകി നിറഞ്ഞാ നറുമണം

*********************** Manjusha hareesh 

Saturday, December 5, 2015

DIY Paint Chip Flower Home Decor

DIY Paint Chip Flower Making Tutorial, published in a Malayalam-language weekly, Mangalam
Tutorial in English is here
Paint chip flower

മംഗളം വാരികയില്‍ (ലക്കം 48,  2൦15  നവംബര്‍ 30) പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് – ബെഹ്ർ  പെയിന്റ്‌ ചിപ്സ് പൂവ്
paint chip flower home decor

ആവശ്യമുള്ള സാധനങ്ങൾ
  1. ഇതളിന്റെ ആകൃതിയിൽ ഉള്ള ബെഹ്ർ പെയിന്റ് ചിപ്സ് - 12 (ചിത്രം B)
  2. പേപ്പർ ഗ്ലൂ
  3. പഴയ സി. ഡി. – 1
  4. പേപ്പർ പഞ്ച് പൂക്കൾ - 2 ( വ്യത്യസ്ത വലിപ്പത്തിലും വ്യത്യസ്ത നിറത്തിലും ഉള്ള പൂക്കൾ ആയിരിക്കണം)
  5. 1 -ഇഞ്ച്‌ പേപ്പർ റൌണ്ട് – 1

ബെഹ്ർ പെയിന്റ് ചിപ്സ് പെയിന്റ് കടകളിൽ നിന്ന് കിട്ടും. അല്ലെങ്കിൽ കാർഡ്‌ സ്റ്റോക്ക്‌ പേപ്പറിൽ ഇതളിന്റെ  ഷൈപ്പ് വരച്ചു വെട്ടിയെടുക്കുക. ബെഹ്ർ പെയിന്റ് ചിപ്സ് , പേപ്പർ പഞ്ച് പൂക്കൾ,  1-ഇഞ്ച്‌ റൌണ്ട് എന്നിവയ്ക്ക് വ്യത്യസ്ത നിറങ്ങൾ ആയിരിക്കണം)



ചെയ്യേണ്ടുന്ന വിധം
സി.ഡി-യിൽ ഗ്ലൂ പുരട്ടി, 12 ബെഹ്ർ പെയിന്റ് ചിപ്സ്സുകൾ അല്ലെങ്കിൽ ഇതൾ ഷൈപ്പുകൾ, ചിത്രം C യിൽ കാണുന്നത് പോലെ  സി.ഡിയിൽ ഒട്ടിച്ചു  വയ്ക്കുക.

ഇനി പേപ്പർ പഞ്ച് പൂക്കളിൽ വലുത് സി.ഡിയുടെ നടുവിലായി ഒട്ടിച്ചു വയ്ക്കുക. അതിനകത്തായി ചെറിയ പേപ്പർ പൂവും  ഒട്ടിച്ചു വയ്ക്കുക(ചിത്രം D). ആ പൂവിന്റെ നടുവിലായി 1 -ഇഞ്ച് പേപ്പർ റൌണ്ട് ഒട്ടിച്ചു വയ്ക്കുക (ചിത്രം A)


ഒരു നൂലെടുത്തു  അതിനെ രണ്ടായി മടക്കി, അറ്റങ്ങൾ കൂടി കെട്ടി, സി. ഡി യുടെ പിന്നിൽ സെലോടേപ്പ്  ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇനി ഈ പൂവിനെ  ചുവരിലെ ആണിയിൽ  തൂക്കുകയോ, ഡോറിന്റെ നോബിൽ  തൂക്കിയിടുകയോ ചെയ്യാം (ചിത്രം E).