Pages

Sunday, February 28, 2016

Malayalam Poem Kaalame കാലമേ .... കവിത



കാലമേ

കാലമേ നില്ലു, നില്ലെങ്ങു നീ പോകുന്നിതേ
കാത്തിരുന്നെത്രയോ നാളേറെയുത്സാഹമായ്
എത്രയും വര്‍ണ്ണാഭമായൊരീ കൌമാര കാലത്തിനായ്
വന്നു തീരും മുന്നെയെന്‍ യൌവനത്തിന്‍ കയ്യും
പിടിച്ചീ പടിയിറങ്ങി പോകുന്നതെന്തു നീ മൂകമായ്
ഇത്ര തിരക്കിട്ടു പായുന്നതെങ്ങു നീ ചൊല്‍ക
തെല്ലിട നില്‍ക്കുകെന്നരികത്തു ശാന്തമായ്
അത്ര നേരം കൂടെ ഞാനുല്ലസിക്കട്ടെയീ
നവ യൌവന വനികയില്‍
അവനിയാമാരാമത്തിലൊരു കോണിലായ്
പൂത്തു നിന്നെന്‍ പരിമളമാകെപ്പരത്തട്ടെ
കാറ്റിന്‍ ചിറകേറിയാ പൂമണം പരക്കട്ടെ-
അഴലാല്‍ കരിഞ്ഞ ശിഖരങ്ങളിലും, ഏറെ-
ച്ചീഞ്ഞ ചേരി ചവര്‍പ്പുകളിലും, ആകെ-
ദുഷിച്ച മനസ്സുകളൂതി പടര്‍ത്തുന്ന വിഷപ്പുകച്ചുരുളുകളിലും
അനവദ്യ ഗന്ധമായൊഴുകി നിറയട്ടെ
പുത്തന്‍ പ്രതീക്ഷ തന്‍ ശുദ്ധ വായുവെല്ലാത്തിലും നിറയട്ടെ
കാലമേ അറിയുക,
കഴിഞ്ഞു പോയതൊന്നുമേ
കെട്ടഴിച്ചെടുക്കില്ല ഞാന്‍ നിശ്ചയം
കളഞ്ഞു പോയതൊന്നുമേ
ചികഞ്ഞെടുക്കില്ല നിന്നില്‍ നിന്നെന്നുമേ
കവര്‍ന്നെടുത്തതിനെ കുറിച്ചൊന്നുമേ മിണ്ടില്ല
നിന്നുത്തരം മുട്ടുവാനൊട്ടുമേ
ഹേതുവാകില്ല ഞാന്‍
ഇനി - തെല്ലിട നില്‍ക്കുകെന്നരികത്തു ശാന്തമായ്
അത്ര നേരം കൂടെ പൂത്തുലഞ്ഞു
നില്‍ക്കട്ടെ ഞാനീ ജീവിത വീഥിയില്‍ ...
പൂത്തുലഞ്ഞു നില്‍ക്കട്ടെയീ ജീവിത വീഥിയില്‍

                                                                  മഞ്ജുഷ ഹരീഷ്