Pages

Monday, February 8, 2016

Tissue Paper Carnations Tutorial


One of my Paper Craft Tutorial -Tissue Paper Carnation , published in a Malayalam-language weekly, Mangalam on 8th February , 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി 8-ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍സ് )


ആവശ്യമുള്ള സാധനങ്ങള്‍
  • പല നിറത്തിലുള്ള ടിഷ്യു പേപ്പര്‍ ഷീറ്റുകള്‍ (20×24 ഇഞ്ച്‌) 
  • പച്ച പൈപ്പ് ക്ലീനേസ് / ചെനിയില്‍സ് - പൂക്കളുടെ എണ്ണത്തിന് അനുസരിച്ച് 
  • ഫ്ലോറല്‍ വയേര്‍സ് 
  • പച്ച ഫ്ലോറല്‍ ടേപ്പ് 
  • ഫ്ലോറല്‍ കട്ടര്‍ 
  • പേപ്പര്‍ ക്ലിപ്സ് - 2 
  • പെന്‍സില്‍ 
  • കത്രിക 
  • പല നിറത്തിലുള്ള മാര്‍ക്കര്‍ പേനകള്‍ 
  • 8 MM മുത്തുകള്‍ 
  • ഫ്ലോറല്‍ വയേര്‍സ്, ഫ്ലോറല്‍ ടേപ്പ്, ഫ്ലോറല്‍ കട്ടര്‍ എന്നിവ ഓപ്ഷണല്‍ ആണ്.

പൂക്കള്‍ ഉണ്ടാക്കുന്ന വിധം

ഒരു 20×24 ഇഞ്ച്‌ ടിഷ്യു പേപ്പര്‍ എടുത്ത് രണ്ടായി മടക്കുക. അതിനെ നാലായി മടക്കണം. പിന്നെയും മടക്കി എട്ടാക്കുക. അങ്ങനെ മടക്കി, മടക്കി ഏകദേശം 3.5 ഇഞ്ച്‌ ചതുരം ആകുന്നതു വരെ മടക്കുക. എന്നിട്ട് അതില്‍ 3 ഇഞ്ച്‌ വലിപ്പമുള്ള കുക്കീ കട്ടറോ, പേപ്പര്‍ ടെംപ്ലേറ്റോ വച്ച് (ചിത്രം 1), പെന്‍സില്‍ കൊണ്ട് അതിനു ചുറ്റും വരച്ച് 3 ഇഞ്ച്‌ വട്ടം വെട്ടിയെടുക്കുന്നതിനു ഔട്ട്‌ലൈന്‍ മാര്‍ക്ക് ചെയ്യുക (ചിത്രം 2).






3.5 ഇഞ്ച്‌ പേപ്പര്‍ ചതുരത്തിന്‍റെ രണ്ടറ്റത്തു പേപ്പര്‍ ക്ലിപ്സ് ഇട്ട് വയ്ക്കുക (ചിത്രം 3). ഇനി കത്രിക ഉപയോഗിച്ച് വട്ടം വെട്ടിയെടുക്കുക (ചിത്രം 4, 5).



വട്ടം വെട്ടിയെടുക്കുമ്പോള്‍ പേപ്പര്‍ ലെയറുകളുടെ സ്ഥാനം മാറി പോകാതിരിക്കാന്‍ ആണ് ക്ലിപ്സ് ഇടുന്നത്. ഒരു 20×24 ഇഞ്ച്‌ ടിഷ്യു പേപ്പറില്‍ നിന്ന് 48 പേപ്പര്‍ വട്ടങ്ങള്‍ കിട്ടും. ഒരു ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍ ഉണ്ടാക്കാന്‍ 12 പേപ്പര്‍ വട്ടങ്ങള്‍ ഉപയോഗിക്കാം (4 പൂക്കള്‍ ഇതില്‍ നിന്നുണ്ടാക്കാന്‍ കഴിയും) ഇനി ഒരു കയ്യില്‍ പേപ്പര്‍ വട്ടങ്ങളെടുത്തു, അവയുടെ അരികു ഭാഗം ചേര്‍ത്തു പിടിച്ചു, വലതു കയ്യില്‍ ഒരു മാര്‍ക്കര്‍ പേന എടുത്ത്, പേപ്പര്‍ വട്ടത്തിന്‍റെ അരികുകള്‍ മുഴുവന്‍ കള്ളര്‍ ആകുന്ന വിധത്തില്‍ ചെറുതായി പേനയുടെ നിബ്ബ് പേപ്പറില്‍ പ്രസ് ചെയ്തു കൊണ്ട് വരയ്ക്കുക. ഇത്തരത്തില്‍ പേപ്പര്‍ വട്ടത്തിന്‍റെ ചെറിയ അരികുകള്‍ക്ക് നിറം കൊടുക്കാം. ഇനി പേപ്പര്‍ വട്ടങ്ങളുടെ നടുക്ക് ഒരു കുഞ്ഞു ഓട്ടയുണ്ടാക്കി, അതിലൂടെ പച്ച ചെനിയില്‍സ് കടത്തുക. (ചിത്രം 6).





പേപ്പര്‍ വട്ടങ്ങളുടെ മുകള്‍ ഭാഗത്ത്‌, പച്ച പൈപ്പ് ക്ലീനര്‍ 2 ഇഞ്ച്‌ നീളത്തില്‍ മാത്രം മതിയാകും. ബാക്കി പേപ്പര്‍ വട്ടത്തിന് അടിയിലുള്ള നീളം കൂടിയ ഭാഗം ആണ് നമ്മള്‍ സ്റ്റെം ആയി ഉപയോഗിക്കാന്‍ പോകുന്നത്. ഇനിയീ പേപ്പര്‍ വട്ടങ്ങളുടെ മുകളില്‍ ഉള്ള പൈപ്പ് ക്ലീനറിലൂടെ ഒരു മുത്ത്‌ കോര്‍ത്ത്‌ (ചിത്രം 7), പൈപ്പ് ക്ലീനറിന്റെ ബാക്കി ഭാഗം പേപ്പര്‍ വട്ടങ്ങളുടെ ഹോളില്‍ കൂടെ അടി വശത്തേക്കെടുത്തു, (ചിത്രം 8), അടി വശത്തുള്ള പൈപ്പ് ക്ലീനറിന്‍റെ ബാക്കിയുമായി ചുറ്റി യോജിപ്പിക്കുക. ഇനി പേപ്പര്‍ ക്ലിപ്സ് എടുത്ത് മാറ്റുക.


ഇതളുകള്‍ ഉണ്ടാക്കുന്നതിനായി പേപ്പര്‍ വട്ടങ്ങളില്‍ മുത്തിനോടു ചേര്‍ന്നിരിക്കുന്ന ഏറ്റവും മുകള്‍ ഭാഗത്തെ പേപ്പര്‍ വട്ടത്തെ, പതിയെ കൈ കൊണ്ട് പൊക്കി, നടുവിലേയ്ക്ക് കൊണ്ട് വന്നു കൈക്കകത്താക്കി ചുരുട്ടുക (ചിത്രം 9).


ഇത്തരത്തില്‍ ഓരോ പേപ്പര്‍ വട്ടത്തേയും ചുരുട്ടുക. ചിത്രങ്ങള്‍ 10 , 11, 12 എന്നിവ നോക്കുക.







മനോഹരമായ ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍ റെഡി. ആവശ്യമെങ്കില്‍ പൂവിനു ഒരിഞ്ചു താഴെയായി, പൈപ്പ് ക്ലീനര്‍ സ്റ്റെമ്മിന്‍റെ നീളത്തിനു അനുസരിച്ച് ഫ്ലോറല്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടിയെടുത്ത ഫ്ലോറല്‍ വയറിനെ, പൈപ്പ് ക്ലീനര്‍ സ്റ്റെമ്മിനോട് ചേര്‍ത്ത് വച്ച്, സ്റ്റെമ്മിന്‍റെ നീളത്തിനു അനുസരിച്ച് മുറിച്ചെടുത്ത പച്ച ഫ്ലോറല്‍ ടേപ്പ് ചുറ്റി വയ്ക്കാം. ഇത്തരത്തില്‍ ആവശ്യമായത്രയും ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍സ് ഉണ്ടാക്കിയെടുക്കുക. പൂക്കള്‍ക്ക് ഇലകൾ കൂടെയുണ്ടാക്കി ഭംഗിയുള്ള ഒരു ഗ്ലാസ് വെയ്സിൽ പൂക്കൾ ഒരുക്കി വയ്ക്കുക.