Friday, March 27, 2015

ചിക്കൻ വരട്ടിയത്

 

Spicy Chicken Masala (8)

ചേരുവകകൾ

  • നന്നായി കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങൾ - 6 , 7 ഇടത്തരം വലിയ കഷണങ്ങൾ ആക്കി മുറിക്കാം.
  • തക്കാളി - 1, ചെറിയ കഷണങ്ങളാക്കി മുറിച്ചത്
  • സവാള - 1, വലുത്, വളരെ കനം കുറച്ചരിഞ്ഞത്
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീ സ്പൂണ്‍
  • മുളക് പൊടി - 1 1/2  ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
  • പെരുംജീരക പൊടി - 1/4 ടീസ്പൂണ്‍
  • കുരുമുളകു പൊടി - 1 ടീ സ്പൂണ്‍
  • തൈര് - 2 ടീ സ്പൂണ്‍
  • മല്ലി ഇല ചെറുതായി നുറുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ - 3  ടീ സ്പൂണ്‍
  • ഉപ്പു - ആവശ്യത്തിനു മാത്രം


തയ്യാറാക്കുന്ന വിധം

  • ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി, മഞ്ഞള്‍ പൊടി, മുളക് പൊടി, പെരുംജീരക പൊടി, അല്പം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് , തൈര്, എന്നിവയും കുറച്ചു ഉപ്പും  ചേര്‍ത്തു നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ വെയ്ക്കുക.
  • ഒരു പാനോ മണ്‍ ചട്ടിയോ അടുപ്പത് വച്ച്  2 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, അത് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക.5 മിനുട്ടിന് ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച തക്കാളി, ബാക്കിയുള്ള  ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവയും ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക. ചിക്കനിൽ മസാല തയ്യാറാക്കിയപ്പോൾ   ഉപ്പു ചേർത്തത്  കൊണ്ട് സവാളയ്ക്ക് ഒപ്പം അല്പം മാത്രം ഉപ്പ്  ചേര്‍ക്കാന്‍ ഓർക്കണം. ഉപ്പു കൂടി പോയാൽ എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
  • സവാളയും തക്കാളിയും  നന്നായി വഴന്നു കഴിയുമ്പോൾ, ഇതിലേക്ക്  മസാല പുരട്ടി സുന്ദരിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറു തീയിൽ അടച്ചു വച്ച് 15, 20 മിനിറ്റ് വേവിക്കുക. വെള്ളം ചേർക്കേണ്ടതില്ല, അടച്ചു വച്ച്  വേവിക്കുമ്പോൾ ഇറച്ചി കഷണങ്ങളിൽ നിന്നും വരുന്ന വെള്ളം മതിയാകും അത് വെന്തു കിട്ടാൻ. ചെറു തീയിൽ വേവിക്കാൻ ശ്രദ്ധിക്കുക. വെള്ളം മുഴുവൻ വറ്റി ചിക്കൻ വരട്ടിയത്  പാനിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് അടപ്പ് തുറന്നു നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും അടച്ചു വച്ച് വേവിക്കുക.  ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളം ചേർക്കാം. 
  • പിന്നെ ഒരു കാര്യം പറയാം, ചിക്കൻ അടുപ്പത് വച്ചിട്ട് ടി. വി കാണാനോ, FBയിൽ ചാറ്റ് ചെയ്യാനോ പോയിട്ട് ചിക്കനെ മറക്കരുത്. പിന്നീടു കൊതി മൂത്ത് കഴിക്കാൻ വരുമ്പോഴേക്കും   തിരിച്ചറിയാൻ പറ്റാത്ത വിധം എന്തേലുമൊക്കെ പാത്രത്തിൽ  കണ്ടാലായി ... അതിനു ഞാൻ ഉത്തരവാദി അല്ല. അത്ര മറവി ഉള്ള ആളാണെങ്കിൽ, അഥവാ വേറെ എന്തേലും ജോലി ചെയ്യാൻ ഉണ്ടെങ്കിൽ , ടൈമർ സെറ്റ് ചെയ്തു വയ്ക്കുക.  സ്ഥിരമായി ചിക്കൻ കറി അടുപ്പിൽ വച്ചിട്ട്, സിനിമ കാണുകയോ, ചാറ്റ് ചെയുകയോ ചെയ്തിരുന്നു , പിന്നീടു എപ്പോഴെങ്കിലും ഭൂതോദയം ഉണ്ടാകുമ്പോഴോ, കരിഞ്ഞ മണം വരുമ്പോഴോ മാത്രം അടുപ്പത്തു വച്ച ചിക്കനെ കുറിച്ച് ഓർക്കുന്ന ഒരു കൂട്ടുകാരി/ കൂട്ടുകാരൻ എനിക്കുണ്ട് .... അത് കൊണ്ട് പറഞ്ഞതാ.
  • ചിക്കൻ വെന്തു കഴിയുമ്പോൾ അതിലേയ്ക്ക് കുരു മുളക് പൊടിയും 1 ടീ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം അടച്ചു വച്ച് 3, 4 മിനുട്ട് കൂടി വേവിക്കുക. ..ഉപ്പു പാകത്തിനുണ്ടോ എന്ന് നോക്കി, ആവശ്യമെങ്കിൽ ചേർക്കുക അതിനു ശേഷം ഒന്ന് കൂടി ഇളക്കി യോജിപ്പിച്ച്   തീയണയ്ക്കുക കറി തീരെ വരണ്ടു പോകരുത്‌.
  • ചിക്കന്‍ വരട്ടിയത് തയ്യാര്‍..ഒരു പാത്രത്തിലേയ്ക്ക് വിളമ്പി, ചെറുതായി നുറുക്കി  വച്ചിരിക്കുന്ന മല്ലിയില്ല വിതറി അലങ്കരിക്കാം....

Spicy Chicken Masala (6)

    ഒരു കാര്യം ശ്രദ്ധിക്കണം, അവരവരുടെ ഇഷ്ടം അനുസരിച്ചു കറിയിൽ എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ( ഇവിടെ പറഞ്ഞിരിക്കുന്ന അളവിൽ  എടുത്താൽ എരിവു കുറവല്ല.... അതുകൊണ്ട് എരിവു കുറച്ചു മതി എന്നുള്ളവർ എന്നെ കുറ്റം പറയല്ലേ) മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം.

Click here for English Recipe of Spicy Chicken Masala

Comments