ചക്ക പ്രഥമന്‍ / ചക്കപ്പായസം / ചക്കപ്പായസം / ചക്കവരട്ടി പായസം Recipe
ചക്കവരട്ടി സ്റ്റോക്ക് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു കിടുക്കൻ ചക്ക പായസം ഉണ്ടാക്കാം. ചക്കവരട്ടി കൊണ്ട് ഉണ്ടാക്കുന്ന പായസത്തിനു മറ്റു ഏതു പായസത്തെക്കാളും അല്പം രുചി കൂടുതൽ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
ആവശ്യമുള്ള സാധനങ്ങൾ
- ചക്കവരട്ടിയത് - 3 ടേബിൾ സ്പൂണ്‍
- പാൽ - 1 കപ്പ്
- വെള്ളം - 1/4 കപ്പ്
- ചുക്ക് പൊടിച്ചത് - 1 നുള്ള്
- ജീരകപ്പൊടി - 1 നുള്ള്
- ഏലയ്ക്കാപ്പൊടി - 1 നുള്ള് (optional)
- നെയ്യ് - 2 ടീ സ്പൂണ്‍
- കശുവണ്ടി പരിപ്പ് – 5
- ഉണക്ക മുന്തിരി – 5
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത് വച്ച് അതിൽ നെയ്യൊഴിച്ച് , അത് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ് , ഉണക്ക മുന്തിരി എന്നിവ പ്രത്യേകം പ്രത്യേകം വറുത്തെടുക്കുക. ഇനി അതേ പാനിൽ തന്നെ 1/4 കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. 3 ടേബിൾ സ്പൂണ്‍ ചക്ക വരട്ടി പാനിലേക്ക് ഇട്ടു, സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. ചക്കവരട്ടി മുഴുവൻ അലിഞ്ഞു ചേരുന്നത് വരെ ഇളക്കുക. ഇതിനു 5 മിനുട്ട് മതിയാകും. പാനിലേയ്ക്ക് ചുക്ക് പൊടിച്ചത്, ജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തീയ് വളരെ കുറച്ചു വച്ച ശേഷം പാൽ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. തീയണച്ചു പായസത്തെ അടുപ്പത് നിന്ന് മാറ്റി വയ്ക്ക്കുക. വറുത്തു വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് , ഉണക്ക മുന്തിരി എന്നിവ ചേർക്കുക. ചക്കവരട്ടി പായസം റെഡി. ആവശ്യമെങ്കിൽ തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ത്ത് ഒന്നുകൂടി ആര്‍ഭാടമാക്കാം. ഞാന്‍ തേങ്ങാക്കൊത്ത് ചേർത്തിട്ടില്ല.