ബൂന്തി ലഡ്ഡു ഉണ്ടാക്കുക എന്നത് വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു കാര്യമല്ല. ആദ്യത്തെ തവണ ഉണ്ടാക്കിയപ്പോൾ ശരിയായില്ല എന്ന കാരണം കൊണ്ട് ആരും തോറ്റു പിന്മാറരുത്, വീണ്ടും വീണ്ടും പരിശ്രമിക്കുക. നല്ല ക്ഷമ വേണം. സമയം വേണം. അതൊക്കെയുണ്ടെങ്കിൽ ലഡ്ഡു വീട്ടില് തന്നെ ഉണ്ടാക്കി കഴിക്കാം.
ഞാൻ ആദ്യായിട്ടാണ് ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത്.
എനിക്ക് എല്ലാ റെസിപ്പികളും ആദ്യത്തെ തവണ വളരെ നന്നായി വരാറുണ്ട്, എന്റെ ആത്മവിശ്വാസ കൂടുതൽ കൊണ്ടാവാം അടുത്ത, തവണയും അതിനടുത്ത തവണയും ഒന്നും ആദ്യത്തെ തവണ ഉണ്ടാക്കുന്നത്ര പെർഫെക്ഷൻ കിട്ടാറില്ല.
ആവശ്യമുള്ള സാധനങ്ങൾ
- കടലമാവ് പൊടി - 1 കപ്പ്
- മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
- പഞ്ചസാര - 1 കപ്പ്
- അണ്ടിപ്പരിപ്പ് - പത്തെണ്ണം.
- ഉണക്കമുന്തിരി - 15 എണ്ണം
- ഏലയ്ക്കപ്പൊടി - 1/4 ടീ സ്പൂണ്‍
- കല്ക്കണ്ടം - 1 ടേബിൾസ്പൂണ്‍
- ഗ്രാമ്പു പൊടിച്ചത് - 1/4 ടീ സ്പൂണ്‍
- നെയ്യ് - 2 ടേബിൾസ്പൂണ്‍
- എണ്ണ - 1 കപ്പ് ( വറുക്കാൻ ആവശ്യത്തിന് )
- പച്ചകർപൂരം - ഒരു നുള്ള് (optional)
കടലമാവിൽ അല്പം വെള്ളമൊഴിച്ച് മഞ്ഞൾ പൊടി, ഗ്രാമ്പു പൊടിച്ചത് എന്നിവയും ചേർത്ത് കലക്കി വെക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.
ഒരു ചെറിയ പാൻ അടുപ്പത്തു വച്ച്, 1 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് അത് ചൂടാകുമ്പോൾ, അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി എന്നിവ പ്രത്യേകം പ്രത്യേകം വറുത്തു കോരി ഒരു പത്രത്തിലേക്ക് മാറ്റുക.
ഒരു പരന്ന പാത്രം ചൂടാക്കി, അതിൽ പഞ്ചസാരയിട്ട് അല്പം വെള്ളമൊഴിച്ച് ഇളക്കി നൂൽ പരുവത്തിൽ പഞ്ചസാര പാനി കാച്ചുക. ഒരു കപ്പു പഞ്ചസാരയിൽ മുക്കാല്‍ കപ്പു വെള്ളം എന്ന കണക്കിൽ ആണ് ഇത് ചെയ്യേണ്ടത്. വെള്ളമൊഴിച്ച്, ഏലക്ക പൊടി കൂടെ ചേര്‍ത്തു തിളപ്പിക്കുക. 1൦ മിനുട്ട് കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് ഈ പാനി, നൂല്‍ പരുവം (one string consistency ) ആയിക്കഴിയുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റുക. വേണമെങ്കിൽ അര കപ്പ് പാല് കൂടെ ചേർക്കാവുന്നതാണ്. പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത്, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങി വരാൻ വേണ്ടിയാണ്. അതു കോരിക്കളയുക.
ഇനി ഒരു പാനോ ചീനച്ചട്ടിയോ അടുപ്പത് വച്ച്, വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കലക്കി വച്ചിരിക്കുന്ന കടല മാവ് ഒരു സ്പൂണ്‍ എടുത്തു, അതിനെ തുളയുള്ള സ്പൂണിലൂടെ എണ്ണയിലേക്ക് വീഴുന്ന രീതിയിൽ ഒഴിക്കുക്ക. ഇത്തരം കണ്ണറയുള്ള സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഇവ ഉപയോഗിക്കുന്നു. ഇങ്ങനെ കണ്ണാപ്പയിലൂടെ എണ്ണയിലേക്ക് ഒഴിക്കുന്ന കടല മാവ് ചെറിയ ചെറിയ ഉരുണ്ട മുത്തുകൾ പോലെ കാണപ്പെടും. ഇതാണ് ബൂന്ദി ഷൈപ്പ്. മാവിന്റെ പരുവം ശരിയല്ലെങ്കിൽ ഇവ റൌണ്ട് ഷൈപ്പു ആയിരിക്കില്ല. വെള്ളം കുറഞ്ഞാൽ ചെറിയ വാല് പോലെ ആയിരിക്കും അവ എണ്ണയിലേക്ക് വീഴുമ്പോൾ ഉണ്ടാകുന്ന ഷൈപ്പ്, വെള്ളം കൂടി പോയാലോ, അവ പരന്ന ഷെയ്പ്പിൽ ആയിരിക്കും അതുകൊണ്ട് മാവിനെ പരുവം നോക്കാൻ, എണ്ണ ചൂടാകുമ്പോൾ സ്പൂണിന്റെ മൂട് മാവിൽ മുക്കി, 1 തുള്ളി മാവ് എണ്ണയിൽ വീഴിക്കുക. അന്നേരം റൌണ്ട് മുത്ത് ഷൈപ്പു അല്ല എങ്കിൽ മാവ് ശരിയായ പാകത്തിലാക്കുക. റൌണ്ട് മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക. എണ്ണയിൽ ഇട്ടു അവയെ ഒത്തിരി മൊരിയ്ക്കരുത്. കടലമാവ് കലക്കിയത് മുഴുവൻ, കുറേശെ ഇതു പോലെ റൌണ്ട് മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഇവയിൽ ചിലതൊക്കെ ഒരുമിച്ചു കൂടി നിന്നേക്കും. അതൊക്കെ പെട്ടെന്ന് , ചൂടായിരിക്കുമ്പോൾ തന്നെ ഇളക്കി വേർതിരിക്കണം. ഓരോ പ്രാവശ്യം ബൂന്ദി വറുത്തു കോരി പാത്രത്തിൽ ഇടുമ്പോഴും അവയെ ഒന്ന് ഇളക്കുക. വലിയൊരു മിക്സിങ്ങ് ബൌളിൽ വറുത്തെടുത്ത റൌണ്ട് മുത്തുകൾ, കൽക്കണ്ട്, 1 നുള്ള് ഏലയ്ക്ക പൊടി, നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപരുപ്പ്, ഉണക്കമുന്തിരി എന്നിവയും ചേർത്ത്, അതിലേക്കു പഞ്ചസാര പാനിയും ഒഴിച്ച് നന്നായി ഇളക്കുക. രണ്ടു കയ്യിലും അല്പം നെയ്യ് പുരട്ടിയ ശേഷം, ഈ മിശ്രിതത്തിൽ നിന്ന് 1 പിടി എടുത്ത്, ഒരു കൈയിൽ വെച്ച് മറ്റേ കൈ കൊണ്ട് നന്നായി അമർത്തി ഉരുട്ടുക. പാവ് കട്ടിയായി തുടങ്ങിയാൽ ഒന്ന് അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കണം. ചൂടോടെ തന്നെ ബൂന്ദി ലഡ്ഡുവിനായി (Boondi Ladoo) ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഞാൻ 1 കപ്പ് കടലമാവിൽ നിന്ന് 18 ഇടത്തരം ലഡ്ഡുകൾ ആണ് ഉണ്ടാക്കിയത്.