One of my Craft tutorial, Quilling flowers, published in a Malayalam-language weekly magazine, Mangalam.
ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 44, 2015 നവംബർ 02) പ്രസിദ്ധീകരിച്ചു വന്ന പേപ്പർ ക്യ്വല്ലിംഗ് പൂക്കൾ ക്രാഫ്റ്റ്
പേപ്പർ ക്യ്വല്ലിംഗ് പൂക്കൾ
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)
- പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
- പൂവിനായി ഇഷ്ട്ടമുള്ള 2 വ്യത്യസ്ത നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ (ഞാൻ മഞ്ഞ, വയലറ്റ് എന്നീ നിറങ്ങളാണ് പൂക്കൾക്കായി ഉപയോഗിച്ചിരിക്കുന്നത് )
- ക്യ്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
- പേപ്പർ ഗ്ലൂ
- വെള്ള കാർഡ് സ്റ്റോക്ക് പേപ്പർ –1
ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽവിവിധ വർണ്ണങ്ങളിലുള്ള ചാർട്ട് പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി മുറിച്ചു എടുത്തു അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
പൂവുണ്ടാക്കുന്ന വിധം
വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ചിത്രം B യിൽ കാണുന്നത് പോലെ പേപ്പർ തണ്ടുകളും ഇലകളും ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷൈഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
ഇലയുണ്ടാക്കുന്നതിനായി, രണ്ട് പേപ്പർ സ്റ്റ്രിപ്പുകളുടെ അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്റ്റ്രിപ്പാക്കുക. അതിനെ ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു, അല്പം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ. ഇത്തരത്തിൽ ഇലകൾക്ക് ആവശ്യമായത്രയും ലൂസ് കോയിൽസ് പച്ച ക്യ്വല്ലിംഗ് പേപ്പറിൽ നിന്ന് ഉണ്ടാക്കിയെടുക്കുക. ഒരു ലൂസ് കോയിൽ എടുത്ത്, അതിന്റെ 1 അറ്റത്ത് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. ഇത്തരത്തിൽ എല്ലാ പച്ച ലൂസ് കോയിൽസിൽ നിന്നും നീളമുള്ള ടീയർ ഡ്രോപ്പ് ഷൈപ്പുകൾ ഉണ്ടാക്കി എടുക്കുക. ഓരോ ടീയർ ഡ്രോപ്പ് ഷൈപ്പിന്റെയും മുകളറ്റം കൈ കൊണ്ട് ഷൈപ്പു ചെയ്തു ചെറുതായി വളച്ചു വയ്ക്കുക. ഇലകൾ റെഡിയായി. ഇവയെ ചിത്രം B യിൽ കാണുന്നത് പോലെ പച്ച പേപ്പർ തണ്ടുകളുടെ താഴത്തെ അറ്റങ്ങൾ കൂടി ചേരുന്ന ഭാഗത്ത് ഒട്ടിച്ചു വയ്ക്കുക.
പൂവുണ്ടാക്കുന്നതിനായി, ഇഷ്ട്ടമുള്ള നിറത്തിലുള്ള 1 പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് റ്റൈറ്റ് ആയി ചുറ്റിയെടുത്തു അറ്റം ഗ്ലൂ ചെയ്യുക . ഇത്തരത്തിൽ ആവശ്യമായത്രയും റ്റൈറ്റ് കോയില്സ് ഉണ്ടാക്കിയെടുത്ത് ( ഞാൻ ഈ പൂവിനു വേണ്ടി വയലറ്റ് പേപ്പറിൽ 5 റ്റൈറ്റ് കോയില്സ് ആണുണ്ടാക്കിയത്) ചിത്രം B യിൽ കാണുന്ന പോലെ, അവയെ പച്ച പേപ്പർ തണ്ടുകൾക്ക് മുകളിലായി ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക.
ഇനി പൂവിന്റെ ഇതളുകൾക്കായി മറ്റൊരു നിറത്തിലുള്ള പേപ്പർ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് ലൂസ് ആയി ചുറ്റിയെടുത്തു, അറ്റം ഗ്ലൂ ചെയ്യുക. ഇത്തരത്തിൽ ആവശ്യമായത്രയും ലൂസ് കോയില്സ് ഉണ്ടാക്കിയെടുക്കുക. (ഞാൻ ഈ പൂവിനു വേണ്ടി മഞ്ഞ പേപ്പറിൽ 6 ലൂസ് കോയില്സ് ആണുണ്ടാക്കിയത്) ഇനി അവയിൽ നിന്ന് ടീയർ ഡ്രോപ്പ് ഷൈപ്പുകൾ ഉണ്ടാക്കി, വയലറ്റ് പേപ്പർ വട്ടത്തിന് ഇരു വശത്തുമായി ചിത്രം F, G എന്നിവയിൽ കാണുന്നത് പോലെ ഒട്ടിച്ചു വയ്ക്കുക. ഇനി ഇതിനെ ഭംഗിയായി ഫ്രൈം ചെയ്തു വയ്ക്കാം.