Friday, December 18, 2015

Malayalam kavitha "Rajakumaran"





രാജകുമാരന്‍ 

ഏകാന്ത രാജ്യത്തെ

രാജകുമാരനാമെനിക്ക്

ഇതു വരെ കേട്ട

ശബ്ദങ്ങളൊക്കെയും

ചേർത്തു  വച്ചൊരു


കൊട്ടാരം പണിയണം

കണ്ട കാഴ്ചകളൊക്കെയും

അതിൻ ചുവരുകളാകണം

കണ്ടെടുത്ത സത്യങ്ങളാലാവണമാ

കൊട്ടാര വാതിലുകൾ


അകലേയ്ക്ക് മിഴി നട്ടിരിക്കുവാൻ

കിനാവിന്റെ ജാലകങ്ങൾ വേണം

കഴിഞ്ഞ കാലത്തിനോർമ്മ-

കളൊക്കെയും കൊത്തു

പണികളായി തെളിഞ്ഞു

കാണണമെനിക്കീ

കൊട്ടാരത്തിൻ ഓരോ

തൂണിലും കോണിലും


സ്വപ്നങ്ങളാലൊരു

ഗോവണി പണിത,തിലൂടെ

നടന്നിനിയും തുറക്കാത്ത

അരമന അറകളോരോന്നായ്‌

തുറന്നു കാണണം


നിറയെ പൂക്കുന്ന

ശോകങ്ങൾ തൻ

ഇരുളകറ്റാൻ ഈ

ഹൃദയത്തിൽ നിന്ന്

തീ പകർന്നൊരായിരം

കെടാ വിളക്കുകൾ

തെളിയ്ക്കണം


കരഞ്ഞു തീർത്ത

കണ്ണുനീരിനാലൊരു

തെളി നീരരുവിയും

കരളിൽ കുളിരുമായണയും

കിനാവിൽ വിരിയുന്ന

പുഞ്ചിരി പൂക്കളാൽ

നിറഞ്ഞൊരുദ്യാനവും

വേണമെൻ കൊട്ടാര മുറ്റത്ത്‌


സ്നേഹത്തലോടലേകിയ

മനങ്ങളെല്ലാം അണി

നിരന്നെവിടെയും

കാണാ മരത്തിൻ

തീരാ തണലു വിരിയ്ക്കട്ടെ


കള്ള സ്നേഹത്തി
 കളകളെല്ലാം
പിഴുതെറിയണമെന്നുദ്യാനത്തിൽ

നിന്നെന്നേയ്ക്കുമായ്...

കള്ള കളകളെല്ലാം

പിഴുതെറിയണമെന്നുദ്യാനത്തിൽ

നിന്നെന്നേയ്ക്കുമായ്


മോഹത്തിൻ മട്ടുപ്പാവിൽ

മന്ദമായുലാത്തിടുന്ന

നേരത്തു കാണാമെനിയ്ക്ക്...

കണ്ടെത്താ ദൂരത്തോളമെത്രയോ

വിസ്തൃതമാമെൻ രാജ്യം-

സുന്ദരമേകാന്ത രാജ്യം

ഞാവിടുത്തെ രാജകുമാരന്‍
ഏകാകിയാം രാജകുമാരന്‍

ഞാനിവിടുത്തെ രാജകുമാരന്‍
ഏകാകിയാം രാജകുമാരന്‍
Comments