ആവശ്യമുള്ള സാധങ്ങള്‍
- മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി അരിച്ചെടുത്തത് - 3 കപ്പ്
- ബേക്കിംഗ് സോഡാ - ½ ടീ സ്പൂണ്‍
- ഉപ്പ് - ½ ടീ സ്പൂണ്‍
- ഉപ്പില്ലാത്ത വെണ്ണ - 1 കപ്പ് (2 സ്ടിക്ക്സ്)
- പഞ്ചസാര പൊടിച്ചത് - ഒന്നേകാല്‍ കപ്പ്
- മുട്ട - 3 എണ്ണം
- ബട്ടര്‍ മില്‍ക്ക് - 1 കപ്പ്
- ചെറുനാരങ്ങാ തൊലി ചുരണ്ടിയത് - 2 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
- വെള്ളം - 1/3 കപ്പ്
- പഞ്ചസാര പൊടിച്ചത് - 1/3 കപ്പ്
- ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
ഗ്ലെയ്സിനു ആവശ്യമായവ
- പഞ്ചസാര പൊടിച്ചത് - 1കപ്പ്
- ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
- ഉപ്പില്ലാത്ത വെണ്ണ - 1 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാ തൊലി ചുരണ്ടിയത് - ½ ടീ സ്പൂണ്‍
കേക്ക് ഉണ്ടാക്കുന്ന വിധം
വെണ്ണ, മുട്ട എന്നിവ ഒരു മണിക്കൂര്‍ നേരത്തെയെങ്കിലും ഫ്രിഡ്ജിൽ നിന്ന് വെളിയിൽ എടുത്ത് വയ്ക്കുക. ഓവൻ 165 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക. ഒരു 10 ഇഞ്ച് ബെര്‍ണ്ട് കേക്ക് പാനില്‍ വെണ്ണ മയം പുരട്ടി വയ്ക്കുക.
ഒരു ബൌളില്‍ ഗോതമ്പു പൊടിയും ബേക്കിംഗ് സോഡയും അരിച്ചെടുക്കുക. അതിലേക്കു ഉപ്പ് കൂടെ ചേര്‍ത്തിളക്കുക. മറ്റൊരു ബൌളില്‍ വെണ്ണയെടുത്തു ഹാന്‍ഡ് മികസര്‍ ഉപയോഗിച്ച് വെണ്ണ നല്ല സ്മൂത്ത് ആകുന്നതു വരെ 3-4 മിനുറ്റ് ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് വീണ്ടും 1 മിനുട്ട് ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ബൌളിലേയ്ക്ക് ഒഴിച്ച് ഓരോന്നും ഓരോ മിനുട്ട് വീതം എന്ന രീതിയില്‍ മൂന്നു മുട്ടയും വെണ്ണ-പഞ്ചസാര മിശ്രിതത്തില്‍ ബീറ്റ് ചെയ്തു യോജിപ്പിക്കുക. മറ്റൊരു ബൌളില്‍ ബട്ടര്‍ മില്‍ക്ക്, ചെറുനാരങ്ങാ തൊലി ചുരണ്ടിയത്, ചെറുനാരങ്ങാനീര് എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കുക. ഇനി വെണ്ണ-പഞ്ചസാര മിശ്രിതവും ബട്ടര്‍ മില്‍ക്ക് - ചെറുനാരങ്ങാ മിശ്രിതവും ഗോതമ്പു പൊടിയിലേക്കു ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക (കേക്കിന്റെ ബാറ്റര്‍ ഒത്തിരി നേരം മിക്സ് ചെയ്യരുത്, കേക്ക് കട്ടിയായി പോകും). തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് പാനിലേയ്ക്ക് ഈ മിശ്രിതം ഒഴിച്ച്, പ്രീ ഹീറ്റ്ഡ് (165 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് ഒരു മണിക്കൂര്‍ ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക. ഓവനില്‍ നിന്നും മാറ്റി പാനില്‍ തന്നെ വച്ച് കേക്കിനെ 10 മിനുറ്റ് തണുക്കാന്‍ വയ്ക്കുക. ഇനി കേക്കിനെ ഒരു വയര്‍ റാക്കിലേയ്ക്ക് മാറ്റി 15 മിനുറ്റ് തണുക്കാന്‍ അനുവദിക്കുക. ഈ സമയം കൊണ്ട് സിറപ്പ് ഉണ്ടാക്കാം.
ഒരു പാന്‍ അടുപ്പത്ത് വച്ച് വെള്ളവും പഞ്ചസാരയും ഒഴിച്ച്, വെള്ളം തിളയ്ക്കുമ്പോള്‍ അടുപ്പത്തൂന്നു മാറ്റി വച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്തിളക്കുക. സിറപ്പ് റെഡി.
ഇനി കേക്ക് വച്ചിരിക്കുന്ന റാക്കിനു താഴെ അലുമിനിയം ഫോയിലോ കിച്ചന്‍ ടവ്വലോ വിരിച്ചിടുക. എന്നിട്ട് പെട്ടെന്ന് തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ചൂട് സിറപ്പ് ഒരു പേസ്ട്രി ബ്രഷ് ഉപയോഗിച്ച് കേക്കിലേക്ക്, തേച്ചു പിടിപ്പിക്കുക. ഇതു കുറച്ചു സമയമെടുത്തു ചെയ്യേണ്ടുന്ന കാര്യമാണ്. ഓരോ തവണയും കേക്കില്‍, സിറപ്പ് മുഴുവും അബ്സോര്ബ് ചെയ്തതിനു ശേഷം മാത്രം വീണ്ടും സിറപ്പ് കേക്കിലേക്ക് ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്‌താല്‍ തണുത്തു കഴിയുമ്പോള്‍, കേക്ക് നല്ല സോഫ്റ്റ് ആയിരിക്കും, കേക്കിനു നല്ല തിളക്കവുമുണ്ടാകും. ഇനി കേക്ക് തണുക്കാന്‍ 1 മണിക്കൂര്‍ സമയം അനുവദിക്കുക. ഈ സമയം കൊണ്ട് ഗ്ലെയ്സ് തയ്യാറാക്കാം.
ഗ്ലെയ്സ് ഉണ്ടാക്കുന്ന വിധം.
ചെറുനാരങ്ങാനീരും, ഉപ്പില്ലാത്ത വെണ്ണയും ചെറുനാരങ്ങാ തൊലി ചുരണ്ടിയതും ഒരു മിക്സിംഗ് ബൌളില്‍ എടുത്ത്, ഫോര്‍ക്ക് കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുറേശ്ശെ പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തേനിന്‍റെ പരുവത്തിനാണ് വേണ്ടത്. കട്ടിയായിരിക്കണം, എന്നാല്‍ സ്പൂണ്‍ കൊണ്ട് കോരി ഒഴിക്കാനും കഴിയണം. ഗ്ലെയ്സ് അല്പാല്പമായി സ്പൂണില്‍ കോരിയെടുത്ത്, നന്നായി തണുത്ത കേക്കിനു മുകളില്‍ ഒഴിക്കുക.