നീതി പീഠമേ
നീതി ലഭിക്കുവാന്‍
കെഞ്ചില്ല കേഴില്ല
വിങ്ങില്ല വിതുമ്പില്ല
പൊട്ടിക്കരയില്ല ഞാന്‍
ഞെട്ടറുത്തെറിഞ്ഞോരെന്‍
ജീവനെയോര്‍ത്തിട്ടൊട്ടുമേ കരയില്ല
പകരമീ പ്രാണന്‍
പിടഞ്ഞൊടുങ്ങിയ നോവിന്‍റെ
തീരത്തിരുന്നു ഞാന്‍ പറയുന്നു
നീതിയെനിക്കേകും വരെ
നിദ്ര വന്നു തഴുകില്ലൊരാളേയും
സുഖ നിദ്ര വന്നു തഴുകില്ലൊരാളേയും
ഈ കരള്‍ച്ചില്ലയിലെരിയുന്ന
തീയാലാകെ തപിക്കുന്നുണ്ടെന്‍റെ നാട്
വന്നു വീഴുന്നിടം
ചുട്ടു പൊള്ളിച്ചും കൊണ്ടൊരു
കാട്ടു തീയാ,യാകെ പടര്‍ന്നു
കത്തുന്നുണ്ടാ തീപ്പൊരികളില്‍ ചിലത്
നീതി പീഠമേ
നീതി വേണം
തരികതെനിക്കു നീ
ജീവനെ നിലച്ചുള്ളൂ
ജീവിച്ചിരുന്നതിന്നോര്‍മ്മകള്‍
ശേഷിക്കുന്നുണ്ടിവിടെ
പ്രാണനേ വേര്‍പിരിഞ്ഞുള്ളൂ
പാതിയില്‍ പൊലിഞ്ഞ
മോഹങ്ങള്‍ പാറിപ്പറക്കുന്നുണ്ടിവിടെ
അനാഥയായോരമ്മ തന്‍
അലറിക്കരച്ചിലൊരു
തേങ്ങലായെങ്കിലും
നിറയുന്നുണ്ടോരോ നെഞ്ചിലും
നീതി പീഠമേ
നീതി വിധിക്കുകെനിക്ക് നീ
പാതി മുറിഞ്ഞ മൂക്കുമായെന്‍
ഘാതകരുടെയുടല്‍ കരിഞ്ഞ
ഗന്ധമറിയുവാന്‍ കാത്തിരിക്കുന്നു ഞാന്‍
നാടെന്നെ മറക്കുവാന്‍
നാളെണ്ണിയിരിക്കുന്നവരേ
നോവിന്‍റെ തീരത്തിരുന്നു
നാവനക്കാതെ ഞാന്‍ പറയുന്നു
മറവിയാവില്ല ഞാന്‍
മരിക്കില്ല ഞാനൊരു മനസ്സില്‍
നിന്നുമെനിക്ക് നീതി ലഭിക്കും
നാള്‍ വരും വരേയും
നാളെയെന്റെയൂഴമോ
നാളെയെന്റെ മകള്‍ക്കീ ഗതി വരുമോ
എന്നെന്‍റെ ദാരുണാന്ത്യമോരോ
നിമിഷവും ഭീതി നിങ്ങളില്‍
നിറയ്ക്കുന്നതറിയുന്നു ഞാന്‍
പെണ്ണിന്റെ പെരുമയാം
പെണ്‍മയിലൂടിടിച്ചു
കയറ്റിയോരിരിമ്പു ദണ് ഡിനാല്‍
മുറിഞ്ഞു തൂങ്ങിയ
കുടല്‍ മാലയും
പാതിയറ്റ മൂക്കും
പിന്നെയുമൊരുപാടു
മുറിവുകളുമായി
രക്താഭിഷിക്തയായെന്നുമെത്തും
ഞാനോരോ നിനവിലും കനവിലും
നീതി നേടി തരികെനിക്കു നിങ്ങള്‍
കാലഹരണപ്പെട്ട നിയമങ്ങള്‍
കാറ്റിലൂതി പറത്തുവാന്‍
കാലമായിരിക്കുന്നു
കൊട്ടിഘോഷിക്കപ്പെടും പോലെ
ദളിതയോ
ലളിതയോ
സരളയോ
ചപലയോ
അല്ലെന്റെ വിളിപ്പേര്
പെണ്ണാണ് ഞാന്‍
പിറവിയ്ക്ക് പാലൂട്ടുന്ന
പെണ്‍ജാതി ഞാന്‍
പെണ്ണാണവളൊരു
വെറും പെണ്ണ്
എന്നു പുഛ്ചിക്കുന്നവരേ
പെണ്ണുടലഴകിനെ
പിചിചീന്തുന്ന
നേരത്തുമവളുടെ
കനല്‍ക്കണ്ണിലേയ്ക്കൊന്നു
നോക്കുവാന്‍ കെല്‍പ്പുള്ളയെത്ര
കാമാവെറിയന്‍മാരുണ്ടെന്‍റെ നാട്ടില്‍
ഇരുളിന്‍റെ മറവോ
വിജനമാം ഇടവഴിയിടങ്ങളോ
വായ് മൂടിക്കെട്ടുവാനൊരു
തുണ്ട് തുണിക്കഷണമോ
ആയുധങ്ങളുടെ പിന്‍ ബലമോ
സംഘ ശക്തിയോയില്ലാതെ
നിരാലംബയായ,
നിരായുധയായൊരു
പെണ്മണിയെ
കീഴടക്കാന്‍ മനകരുത്തില്ലാത്ത യോഗ്യന്മാരെ
നിങ്ങളെ കാത്തിരിക്കുന്നൊരു വിധിയുണ്ട്
അത് വിധിയ്ക്കുവാന്‍
ശക്തരായൊരു ജനതയുണ്ടെന്‍റെ മണ്ണില്‍
നന്മ മരിക്കാത്തയെന്‍റെ നാട്ടില്‍
നൊന്തു ചാകാന്‍
വെന്തു ചാകാന്‍
ഉമിത്തീയിലെരിഞ്ഞു തീരാന്‍
മനസ്സൊരുക്കിക്കോളൂ.....
നിങ്ങള്‍
മനസ്സൊരുക്കിയിരുന്നോളൂ