Showing posts with label എന്‍റെ ചിന്തകൾ. Show all posts
Showing posts with label എന്‍റെ ചിന്തകൾ. Show all posts

Wednesday, April 1, 2020

അനുരഞ്ജനങ്ങൾ കവിത


ആത്മാവില്ലാത്ത 
അനുരഞ്ജനങ്ങളിൽപ്പെട്ട
ആരുമാരും പിന്നെയും
അനുരാഗബദ്ധരാകുന്നില്ല
ആത്മാർത്ഥതയില്ലാത്ത
ബന്ധങ്ങൾ
ആത്മാവ് നഷ്ട്ടപ്പെട്ട്
അലഞ്ഞു തിരിഞ്ഞു
മൗനനൊമ്പരങ്ങളെ
പുണർന്നുണർന്ന്
വിഷാദ കാവ്യങ്ങളിലൂടെ
അനുവാചക 
ഹൃദയങ്ങളിലേയ്ക്ക്
പടർന്നൊഴുകി,യവരുടെ
ഹൃദയോക്തി പോലെ,
മനോധർമ്മം പോലെ,
വ്യാഖ്യാനിക്കപ്പെടുന്നു!! 

Comments

Wednesday, November 28, 2018

കാട് കാണുമ്പോൾ

ദൂരെ നിന്ന് നോക്കി കാണുമ്പോൾ മാത്രമല്ലേ വലുതും ചെറുതുമായ മരങ്ങൾ പരസ്പരം പുണർന്നു നിൽക്കുന്നൊരാ കാട്  കാണാനാവുക..  അടുത്ത് ചെന്ന് നോക്കിയാലോ ഓരോ മരവും ഒറ്റയ്ക്കാണ്....പുറമേ തലയുയർത്തിപ്പിടിച്ച് കരിംപ്പച്ചത്തണൽ വിരിച്ചു,  നിറയെ  പൂക്കളുമായി  പുഞ്ചിരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ്  ഓർമയുടെ ഇരുണ്ട വനവീഥികൾ കുളിരു പുതച്ചു സഞ്ചരിക്കുന്നത്. പക്ഷെ  മനസിലെ മഴക്കോളാലുള്ളു പൊള്ളുമ്പോഴും,  ആര്‍ത്തിരമ്പിയെത്തുന്ന സങ്കട തിരയലയിലുഴറാതെയും , ഇടമുറിയാത്ത ഇടവപ്പാതിയിലെ പ്രണയ പരതയിലും പിന്നെയും കാരണമല്ലാത്തയോരോ കാരണങ്ങൾ കാട്ടി വേരുകൾ കൊണ്ട് പരസ്പരം പുണർന്നു നിൽക്കുന്ന മരങ്ങൾ...   മരക്കൊമ്പിലെ കിളിക്കൂടുകളും മരക്കൂട്ടിലെ കിളിക്കൊഞ്ചലും കണ്ടു കണ്ടങ്ങനെ ഇലകൾ കൊണ്ട് തമ്മിലുമ്മ വച്ച് കാറ്റിന്റെ കുസൃതികളാണിതെന്ന് വെറുതെ പരിഭവം പറയുന്ന മരങ്ങൾ.... പുറം കാഴ്ചയിൽ തീർത്തും നിസംഗരായി നിൽക്കുന്ന മരങ്ങൾ...



Comments

Monday, November 12, 2018

മഴപ്പെയ്ത്ത്

മഴ പെയ്തിരുന്നു..... 
സ്വപ്നത്തിൽ ഇന്നലെയും
മഴ പെയ്തിരുന്നു.....
ഇടമുറിയാതെ,
ഇടി മിന്നലുകളില്ലാതെ,
ഇരവിലിന്നലെയും
മഴ പെയ്തിരുന്നു .....
ഇരുൾ പുതച്ചു കിടന്ന 
ഓർമകൾക്ക് മേൽ, 
പൊടി പിടിച്ചു കിടന്ന 
ചിന്തകൾക്ക് മേൽ,
ചിതലരിച്ചു തുടങ്ങിയ 
മോഹങ്ങൾക്ക് മേൽ 
മഴ തോരാതെ പെയ്തിരുന്നു.
 
ഓർമകളുടെ ഇരുളറകളിലെവിടെയോ
മോഹങ്ങളുടെ തടവറകളിലെവിടെയോ
പ്രതീക്ഷകളുടെ ഇടവഴികളിലെവിടെയോ
ആകാശം പോലുമറിയാതെ ഇന്നലെയും 
മഴ മുല്ല മലരുകൾ  പൊഴിഞ്ഞിരുന്നു....
നിറമേതുമില്ലാത്ത മഴ നീരിലേഴു-
നിറമുള്ള മഴവില്ല് ഞാൻ കണ്ടിരുന്നു. 
ഒരു മഴപ്പക്ഷിയായി ഞാൻ മഴ നനഞ്ഞിരുന്നു..





Comments

Friday, October 5, 2018

കളിക്കൂട്ടുകാരാ Malayalam Poem

ഇലക്കുമ്പിളില്‍ മഴത്തുള്ളി പോൽ
മരച്ചില്ലയില്‍ കിളിക്കൂടു പോൽ...........




Comments

Wednesday, October 3, 2018

അവൾ

അടുപ്പിലെ തീ 
അണച്ചു കൊണ്ടവള്‍ 
ചോദിക്കുന്നു 
അകത്തെരിഞ്ഞു കത്തുന്നത് 
അണയ്ക്കുന്നതെങ്ങനെ 

കിണറിലേയ്ക്കെത്തി
നോക്കിയവള്‍ 
ചോദിക്കുന്നു 
കിണറാഴം കാണുന്നുവോ 
നീയെന്‍ മനസ്സാഴം 
കാണുന്നില്ലെങ്കിലും 

തിമിര്‍ത്തു പെയ്യുന്ന
മഴ കണ്ടിരിക്കവേ 
അടുത്ത് വന്നവള്‍ പറയുന്നൂ 
പ്രളയത്തിനു കടം കൊടുക്കാനുണ്ടെന്‍റെ 
മിഴികളില്‍ ചുടു നീര്‍കണങ്ങള്‍  

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Comments

Saturday, January 13, 2018

നക്ഷത്രങ്ങള്‍ - കവിത

നിലാവുള്ള ഒരു രാത്രിയില്‍ ആകാശത്തു പൂത്തുലഞ്ഞ നക്ഷത്രങ്ങളെ കണ്ടപ്പോള്‍ തോന്നിയത് ......


Comments